എയർ ഇന്ത്യയും ടാറ്റയും:വൈകാരിക ബന്ധങ്ങൾ ക്കൊടുവിൽ




രത്തൻ ടാറ്റ അവറല്ലേ ഇങ്കെ എയർലൈൻ സ്റ്റാർട്ട്‌ പന്നെ മുടിയില്ലേ.പാവം 20 ഇയേർസ് ട്രൈ പണ്ണാരു.


സാധാരണക്കാർക്ക് കയറാവുന്ന എയർലൈൻസ് തുടങ്ങാൻ ശ്രമിക്കുന്ന സുമനസ്‌കനായ ആളോട് വില്ലൻ കഥാപാത്രം പറയുന്ന വാക്കുകളാണിവ. അടുത്തിടെ ഇറങ്ങിയ സൂര്യയുടെ തമിഴ് ചിത്രം സുരറൈ പൊട്ട്രൂവിലെ രംഗമാണിത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രത്തൻ ടാറ്റയും ഇതുപോലെയുള്ള പോരാട്ടത്തിൽ ആയിരുന്നു.


ഈ പറഞ്ഞ ടാറ്റ വർഷങ്ങളായി ഒരു വൈകാരിക പോരാട്ടത്തിലാണ്. സാക്ഷാൽ അവരുടെ മഹാരാജ ആയിരുന്ന എയർ ഇന്ത്യയെ തിരിച്ച് പിടിക്കാനുള്ള പോരാട്ടം. ഒടുവിൽ  സിനിമയിൽ ക്ലൈമാക്സ്‌ എത്തുമ്പോൾ നായകന് ആനന്ദകണ്ണീർ ഉണ്ടാവുന്നപോലെ  റിയൽ രത്തൻ ടാറ്റക്കും അൽപം മാസ്സും ഇമോഷനലും കൂടിയാണ് ഈ വിജയം..


1932. ബ്രിട്ടീഷ് അധിനിവേഷത്തിൽ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ സ്വാതന്ത്ര്യസമരങ്ങൾ നടക്കുന്ന കാലം.. നിസ്സഹകരണ പ്രസ്ഥാനം അത്യുന്നതിയിൽ എത്തിനില്കുന്ന സമയം.. ഗാന്ധിജി പൂനെയിലെ ജയിലിലും. അങ്ങനെയിരിക്കെ ഒക്ടോബർ പതിനഞ്ചിനാണ് ഇപ്പോൾ പാകിസ്ഥാനിലുള്ള കറാച്ചിയിൽ നിന്നും അഹമ്മദാബാദിലേക്ക് ഒരു ചരിത്രപ്പറക്കൽ നടക്കുന്നത് . എയർ മെയിൽ ദൗത്യത്തിനായിരുന്നു ആ വിമാനം പറന്നുയർന്നത്. ഇന്ത്യയിൽ വ്യോമദൗത്യത്തിന് നാന്ദി കുറിച്ച് കൊണ്ട് പറയുന്നുയർന്ന വിമാനം നിയന്ത്രിച്ചത് വേറെ ആരുമായിരുന്നില്ല. ടാറ്റയുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന ജഹാൻഗീർ രത്തൻജി ദാദാ ഭായ് ടാറ്റ എന്നായിരുന്നു. ഇന്ത്യയിൽ ആദ്യമായി വാണിജ്യവിമാനം പറത്താൻ അനുമതി ലഭിച്ച പൈലറ്റ്. അന്ന് ഏകദേശം രണ്ട് ലക്ഷം രൂപ മുതൽ മുടക്കിനാണ് ടാറ്റ എയർ സർവീസ് തുടങ്ങുന്നത്. അധികം വൈകാതെ തന്നെ ടാറ്റ എയർലൈൻസ് എംഡി ആയി ജെആർഡി ടാറ്റ എത്തിയതോടെ ഡൽഹി, തിരുവനന്തപുരം, കൊളമ്പോ എന്നിവടങ്ങളിലേക്കും സർവീസ് വ്യാപിച്ചു.


അങ്ങനെ 1946 ൽ അഥവാ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോഴേക്കും ടാറ്റ ജോയിൻ സ്റ്റോക്ക് കമ്പനിയായി മാറി. 49%ഓഹരി സർക്കാരിനും 25% ടാറ്റക്കും ബാക്കിയുള്ളത് പൊതു ഓഹരിയും. തുടർന്ന് ടാറ്റ രാജ്യാന്തര സർവീസുകളുടെ തോത് വർധിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായിട്ട് ഒരു ട്വിസ്റ്റ്‌ ഉണ്ടാവുന്നതത്. 1953ൽ ടാറ്റ ദേശസാൽക്കരിക്കപ്പെട്ടു. എങ്കിലും അവിടേക്കൊണ്ടൊന്നും തീരുന്നതായിരുന്നില്ല ടാറ്റക്ക് ആകാശത്തോടും വിമാനത്തോടും ഉണ്ടായിരുന്ന പ്രണയം. തുടർന്ന് 1977വരെ ജെആർഡി ടാറ്റയുടെ എംഡി അയിത്തുടർന്നു. ഉടമസ്ഥത നഷ്ടപ്പെട്ടിട്ടും എയർ ഇന്ത്യ തങ്ങളുടെ അല്ലാതെയായിട്ടും എയർ ഇന്ത്യയെ കൈവിടാൻ ടാറ്റ ഒരുക്കാമായിരുന്നില്ല. ടാറ്റയെ പ്രൊഫഷണൽ ആക്കാനും വ്യോമരംഗത്ത് മുൻപന്തിയിൽ നിലനിറുത്താനും ടാറ്റ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒറ്റവാക്കിൽപറഞ്ഞാൽ ക്യാബിൻക്രൂവിന്റെ കൂടെ വിമാനം ശുചീകരിക്കാനും പലപ്പോഴും ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ പോലും ടാറ്റ രംഗത്തിറങ്ങി. അന്ന് ടാറ്റക്ക് കീഴിലുള്ള തൊണ്ണൂറ്റി അഞ്ചോളം സംരംഭങ്ങളുടെ അധിപനായിരുന്നു ടാറ്റ എന്ന് കൂടി ഓർക്കണം.


അങ്ങനെയിരിക്കെ 1991ലെ ഉദാരവൽക്കരണനയങ്ങളുടെ പ്രതിഫലലാനമെന്നോണം 1994-95കാലമായപ്പോഴേക്കും ഇന്ത്യൻ വ്യോമഗതാഗതത്തിൽ കണ്ണും നട്ട് കൊണ്ട് കൂടുതൽ വിദേശ-സ്വകാര്യ കമ്പനികൾ ഇന്ത്യയിലേക്ക് കടന്ന് വന്നു. തുടർഫലമെന്നോണം നിരക്കുകൾ കുത്തനെ ഇടിഞ്ഞു. അന്ന് വരെ ടിക്കറ്റുകലിൽ ഇന്ത്യ കാണാത്ത വിലയിടിവ് അന്നുണ്ടായി. മെച്ചപ്പെട്ട സേവനങ്ങളും ലഭിക്കാൻ തുടങ്ങി.അപ്പോഴും നഷ്ടം ടാറ്റക്കായിരുന്നു. ചിലവേറിയ വ്യോമഗതാഗത മേഖലയിൽ പിടിച്ച് നിൽക്കാൻ ടാറ്റ പാട്പെട്ടു. വളരെയധികം പണഞെരുക്കം അനുഭവപ്പെട്ടു. അങ്ങനെ 2000-2001 സാമ്പത്തിക വർഷത്തിൽ അടൽ ബിഹാരി വജ്പേയ് സർക്കാർ എയർ ഇന്ത്യയുടെ നാല്പത് ശതമാനം ഓഹരി വില്പനക്ക് വച്ചു. ടാറ്റക്ക് വീണ്ടും എയർ ഇന്ത്യ പ്രണയം മുളപൊട്ടാൻ തുടങ്ങി. സിങ്കപ്പൂർ എയർലൈൻസുമായി ചേർന്ന് ഓഹരി വാങ്ങാൻ ശ്രമിച്ചെങ്കിലും ട്രേഡ് യൂണിയന്റെ പ്രതിഷേധത്തിൽ വിഫലമായി.


ഇതിനിടയിൽ വിദേശ വിമാനകമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിൽ നിലയുറപ്പിക്കാൻ തുടങ്ങുന്ന സമയം അതായത് 2013ൽ ടാറ്റ സിങ്കപ്പൂർ എയർലൈൻസുമായി ചേർന്ന് തുടങ്ങിയ വിസ്താര എയർലയൻസ് മികച്ചൊരു മുഖച്ചായ തന്നെ നേടിയെടുത്തു. എങ്കിലും ടാറ്റ എയർ ഇന്ത്യയെന്ന മോഹം വീട്ടിരുന്നില്ല.വർഷങ്ങൾ കഴിഞ്ഞു. എയർ ഇന്ത്യ ഒരു സാമ്പത്തിക ബാധ്യതയായിത്തീർന്നെന്ന്  മനസ്സിലാക്കിയ മോദി സർക്കാർ 2017ൽ എയർ ഇന്ത്യയുടെ ഓഹരി വിൽക്കാനുള്ള അനുമതി നൽകി .തുടർന്ന് 2018 ആയപ്പോൾ എയർ ഇന്ത്യയുടെ 78 ശതമാനം ഓഹരി വില്പനക്ക് വച്ചു. അതുവരെ ഉണ്ടായിരുന്ന ബാധ്യതകളടക്കം 33,392 കോടി എന്ന മോഹവിലക്കായിരുന്നു വില്പനക്ക് വച്ചത്. പക്ഷെ ആരും തന്നെ ആ വിലക്ക് വാങ്ങാൻ മുൻപോട്ട് വന്നില്ല. അങ്ങനെ 2020ൽ വിലയിൽ മാറ്റം വരുത്തി 23,286 കോടിക്ക് മുഴുവൻ ഓഹരിയും നൽകാമെന്നായി. കാരണം എങ്ങനെയെങ്കിലും ഒഴിവാക്കാൻ തന്നെയായിരുന്നു തീരുമാനം. എന്നിട്ടും വാങ്ങാൻആരും തയ്യാറാവാതെ ഇരുന്നതോടെ താല്പര്യപത്രത്തിൽ നിന്നും വില ഒഴിവാക്കി കിട്ടുന്ന വിലക്ക് വിളിക്കാമെന്നായി.

അതോടെ ടാറ്റയും സ്പേസ് ജെറ്റും ചേർന്ന് വാങ്ങാമെന്നുള്ള ചർച്ചകൾ നടന്നു. അവസാനം കണ്ണടച്ച് തുറന്നപ്പോഴേക്കും പതിനെട്ടായിരം കോടി രൂപക്ക് ടാറ്റ എയർ ഇന്ത്യയെ അഥവാ അവരുടെ മഹാരാജയെ സ്വന്തമാക്കി. ഒക്ടോബർ 8 ആയപ്പോഴേക്കും സർക്കാർ ഈ വില്പനയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.തിരികെ വീട്ടിലേക്ക് സ്വാഗതമെന്ന ഹാഷ് ടാഗോടെ ആയിരുന്നു രത്തൻ ടാറ്റ എയർ ഇന്ത്യയെ സ്വീകരിച്ചത്. അത്രക്കും വൈകാരിക ബന്ധമായിരുന്നു ടാറ്റക്ക് എയർ ഇന്ത്യയുമായി ഉണ്ടായിരുന്നതെന്നർത്ഥം.


ഒരു കാര്യം കൂടി പറഞ്ഞ് വക്കട്ടെ. പൊതുമുതൽ സ്വകാര്യവൽകീകരിക്കുന്നതിനെ എതിർക്കുന്നവരാണ് നമ്മളിൽ പലരും. അതിന് കാരണവുമുണ്ട്. പല കുത്തകമുതലാളിമാരും പല കമ്പനികളും ഏറ്റെടുത്തതിന് ശേഷം വിലയിൽ ഉണ്ടായ മാറ്റം തന്നെ മതി സ്വകാര്യവൽക്കരണത്തെ എതിർക്കാൻ. എങ്കിലും ഒന്നോർത്ത് ആശ്വസിക്കാം. ഏതെങ്കിലും വിദേശകുത്തകൾക്കല്ല ടാറ്റയെ തീറെഴുതിക്കൊടുത്തിരിക്കുന്നത്. സ്ഥാപകരായ ടാറ്റക്ക് തന്നെയാണ് ഇനിയുള്ള അതിന്റെ ഉടമസ്ഥാവകാശം. ടാറ്റ ബിസിനെസ്സിലും അല്ലാത്തതിലും പിന്തുടരുന്ന സംസ്കാരം തന്നെയാണ് ഈയൊരു ചിന്താഗതിക്ക് കാരണവും. എങ്കിലുംടാറ്റ എയർ ഇന്ത്യയെ എന്ത് ചെയ്യുന്നുവെന്നതും എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്നും ഏവരും നിരീക്ഷിക്കുമെന്നുറപ്പ്.

ടാറ്റക്ക് മുൻപിൽ മറികടക്കാൻ കടമ്പകൾ ഏറെയാണെങ്കിലും മഹാരാജയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ടാറ്റ ബിസിനസ് ഗ്രൂപ്പ്‌. പ്രവാസികൾക്ക് ഏറ്റവും ആശ്വാസമായി നിലകൊണ്ട എയർ ഇന്ത്യയുടെ അതേ നിലപാട് തന്നെ വിലയുടെ വിഷയത്തിൽ ടാറ്റ കൈകൊണ്ടാൽ ടിക്കറ്റ് കൗണ്ടറുകൾ നിറയുമെന്നുറപ്പാണ്. എയർ ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ടുവരുകയെന്നതാണ് ടാറ്റയ്ക്ക് മുന്നിലുള്ള ആദ്യ കടമ്പ. അതോടൊപ്പം എയർ ഇന്ത്യയെ ആഗോള നിലവാരത്തിൽ എത്തിക്കുകയും വേണം. ഇതിന്റെ കൂടെ ഒരു കാര്യം കൂടിയുണ്ട് സ്വന്തമായി ഒരു വ്യോമഗതാഗത സംവിധാനം ഇല്ലാതാവുന്ന ഇന്ത്യക്ക് പുതിയൊരു ബദൽ മാർഗം കണ്ടുപിടിക്കൽ അത്യാവശ്യമാണ്. ഏതായാലും പാവപ്പെട്ടവർക്ക് കയറാനുള്ള ഫ്ലൈറ്റായി എയർ ഇന്ത്യ മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം. എങ്കിൽ മാത്രമേ ഇന്ത്യ എന്ന രാജ്യത്ത് ടാറ്റക്ക്  വളർച്ച പ്രാപിക്കാനാവു.

أحدث أقدم