ത്യാഗ വിശുദ്ധിയുടെ സ്മരണകൾ അയവിറക്കികൊണ്ട് വീണ്ടുമൊരു ബലിപെരുന്നാൾ സമാഗതമാവുകയാണ്. ചരിത്രങ്ങളുടെ പിൻബലവും, അചഞ്ചലവിശ്വാസത്തിന്റെ പ്രധാന്യവുമർഹിക്കുന്ന സൽഗുണ സൂചികകൾ നൽകുന്ന ബലിപ്പെരുന്നാൾ വിശ്വാസികൾക്ക് മഹനീയദിനമാണ്. ദൈവീക കൽപ്പനപ്രകാരം ദൈവദൂതനായ ഇബ്രാഹിം നബി(അ) മകനായ ഇസ്മായിൽ നബി(അ)നെ അറുക്കാനുള്ള കൽപ്പന നിറവേറ്റാൻ ശ്രമിക്കുന്നതുമുതൽ ബലിപ്പെരുന്നാളിന്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നു.ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലെ അവസാനത്തെതും, പവിത്രപൂർണ്ണകർമങ്ങളിലൊന്നായ ഹജ്ജും ഇതേ മാസത്തത്തിലാണെന്നതും ദുൽ ഹിജ്ജയുടെ മാറ്റുകൂട്ടുന്നു.
അല്ലാഹു ഇബ്രാഹിം നബി(അ) ന് സ്വപ്നത്തിലൂടെ വ്യകതമാക്കിയ ദിവ്യവെളിപാടിനെ തെല്ലുംപതറാതെയുള്ള മനസ്സോടെ സ്വീകരിക്കുന്ന മകനായ ഇസ്മായിൽ നബി(അ)വിശ്വാസികൾക് എക്കാലവും ആദരിക്കപ്പെടുന്ന വ്യക്തികൂടിയാണ്. അവിസ്മരണീയമാം വിധത്തിലാണ് ചരിത്രതാളുകളിൽ പിതാവിന്റെയും, മകന്റെയും ഐതിസഹാസികമാം തരത്തിലുള്ള പ്രസ്തുത ചരിത്രം ഉല്ലേകനം ചെയ്യപ്പെട്ടത്.മറ്റൊന്നുമല്ല, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ പിറവികൊണ്ട ആറ്റുപ്പൂകനിയേയാണ് അള്ളാഹു ഒരു പരീക്ഷണാർത്ഥമെന്നോണം അവനിക്കായി ബലിയറുക്കാൻ സ്വപ്നസന്ദേശം നൽകിയത്. വളരെയേറെ ആശങ്കയുളവാക്കുന്നതും, ആശ്ചര്യപ്പെടുത്തുന്നതും.
ഉൽക്കണ്ഠപൂർണ്ണവുമായ ഈയൊരു കാര്യം എത്തരത്തിലാണ് മകൻ സ്വീകരിക്കുക എന്നതിൽ ആ പിതാവ് ഏറെ നേരം ചിന്താകുലനായി. തുടർന്ന് മകന്റെ അടുത്തുപോയി ദൈവകൽപന വ്യക്തമാക്കുമ്പോൾ ദ്രുതഗതിയിലുള്ള മറുപടി ഒരു നിമിഷം ആ വാത്സല്യനിധിയായ പിതാവിനെ പോലും ഒന്ന് പിടിച്ചു കുലുക്കി. ഒരു നിമിഷം പോലും മറുത്തൊന്നും ചിന്തിക്കാതെയുള്ള തന്റെ മകന്റെ മറുപടി പിതാവായ ഇബ്രാഹിം(അ)ന് ഒരേസമയം സന്തോഷത്തിന്റെയും, സങ്കടത്തിന്റെയും ആഴക്കടൽ തീർക്കുകയായിരുന്നു. തന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ കൽപന നിറവേറ്റാനുതകുന്ന അവസരം ഒത്തു വന്നു എന്നതിലുള്ള അതിരറ്റ സന്തോഷവും, ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിൽ തനിക്ക് വരദാനമായി ലഭിച്ച ആറ്റ പൂവായ മകനെ ബലിയറുക്കുന്നതിലുള്ള സങ്കടവും മാറിമാറിഞ്ഞ്കൊണ്ടിരുന്നു.അവസാനം ആ സുന്ദരസുദിനമണയുകയായ്. മാതൃത്വത്തിന്റെ പരിലാളനത്തിനുമുന്നിൽ തോറ്റുപോകുമെന്നതിനാൽ ഈ വിശുദ്ധകല്പനയെ ഉമ്മയായ ഹാജർ ബീവി(റ)യെ അറിയിച്ചില്ലായിരുന്നു. കാര്യനിർവ്വഹണത്തിന്റെ അന്തിമഘട്ടത്തിലേക്കടുക്കുന്ന ദിവസം വളരെ നേരത്തെതന്നെ കുളിച്ചു ശുദ്ധിയായി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് മാതാവിന്റെ മുഖത്തൊരു ചുടുചുംബനം നൽകികൊണ്ട് പിതാവുമൊത്ത് ആ മകൻ വീടുവിട്ടിറങ്ങുകയാണ്. ഇന്ന് ഇത്ര നേരത്തെ എങ്ങോട്ടാണെന്ന ചോദ്യത്തിന് ഇബ്രാഹിം നബി(അ) നൽകിയ മറുപടി "നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്"എന്നായിരുന്നു. ഭർത്താവും മകനും നയനങ്ങളിൽനിന്നകലും വരെ ആ മാതാവ് അവിടെത്തന്നെ നോക്കിനിന്നു.
മാതാവിന്റെ ദൃഷ്ടികളിൽ നിന്നും പൂർണ്ണമായി അകന്നു എന്നു ബോധ്യമായപ്പോൾ ആ പ്രദേശത്തെ വളരെയധികം ഉയർന്ന ഒരു സ്ഥലത്തെത്തിയപ്പോൾ പിതാവും മകനും അവിടെ നിലയുറപ്പിക്കുകയായി.തുടർന്ന് അറുക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കപ്പെട്ടു. ഇസ്മായിൽ നബി(അ) പിതാവിനോട് പറയും"ഉപ്പാ, അറുത്തതിന് ശേഷം എന്റെ രക്തക്കറ പൂണ്ട വസ്ത്രം ഉമ്മായെ ഒരിക്കലും കാണിക്കരുതേ, അതുപോലെ അറുക്കുന്നതിന് മുമ്പ് എന്റെ ഇരുകൈകാലുകളും ശക്തമാക്കി ബന്ധിക്കണം, വേദനകാരണം ഞാനെങ്ങാനും പിടഞ്ഞാൽ അത് ഉപ്പാക്ക് സഹിക്കാൻ പറ്റൂല..."
വിനയ സ്വരത്തിലുള്ള മകന്റെ ഉപദേശം പിതാവ് അംഗീകരിച്ചുകൊണ്ട് മൂർച്ചയേറിയ കത്തി അല്ലാഹുവിന്റെ നാമമുച്ചരിച്ച് കൊണ്ട് കഴുത്തിലേക്ക് കത്തി വെച്ച് അറുക്കാൻ ശ്രമിച്ചു. പക്ഷെ മുറിയുന്നില്ല.... അടുത്തുള്ള പാറയെ മുറിച്ചപ്പോൾ അത് നാലായി മുറിഞ്ഞുവീണു.
തൽസമയം, ജിബ്രീൽ(അ) ഒരു ആടുമായി അവിടെ പ്രത്യക്ഷപ്പെടുകയും, ഇബ്രാഹിം നബിയോടായി ഇപ്രകാരം പറയുകയും ചെയ്തു:-"ഇബ്രാഹിം.... ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമായിരുന്നു. താങ്കളതിൽ വിജയിച്ചിരിക്കുന്നു.മകനെ ഒരിക്കലും അറുക്കരുത് പകരം, ഈ ആടിനെ അറുക്കൂ." ഇത്രമാത്രം ഉരവിട്ടുകൊണ്ട് ജിബ്‌രീൽ(അ) ആടിനെ ഇബ്രാഹിം നബിക്കായി കൈമാറി. സന്തോഷത്തോടെ ഇബ്രാഹിം നബി (അ) അതിനെ സ്വീകരിച്ചു, മലക്കുകളുടെ നിറസാന്നിധ്യത്തോടെ തക്ബീർ ധ്വനികൾ പാരിലാകെ മുഴക്കി അല്ലാഹുവിന്റെ നാമത്തിൽ അറുക്കപെട്ടു.തുടർന്ന് അതിരറ്റ സന്തോഷത്തോടെ ആ പിതാവും മകനും വീട്ടിലേക്ക് മടങ്ങി.
പിന്നീട് അല്ലാഹുവിന്റെ കല്പന വരുകയാണ്:-" ഇബ്രാഹിം,വിശുദ്ധ കഅ്ബയെ പുനരുദ്ധാരണം ചെയ്യുക.ദൈവാരാധനക്കായ് അവിടേക്ക് ജനങ്ങളെ ക്ഷണിക്കുക" "വിജനമായ ഈ ഭൂമിയിൽ നിന്നുള്ള വിളി ആരു കേൾക്കാനാണ് നാഥാ...." എന്ന ചോദ്യത്തിന് അല്ലാഹു മറുപടിയായി നൽകി."ഇബ്രാഹീം....അങ്ങ് വിളിക്കുക. ജനങ്ങളെ നാം എത്തിക്കാം".
കൽപ്പന പ്രകാരം ഇബ്രാഹിം നബിയും മകനായ ഇസ്മായിൽ നബിയും ഒരുമിച്ച് വിശുദ്ധമായ കഅ്ബ പുനരുദ്ധാരണകർമം നിർവഹിച്ചു. "ഇതായിരുന്നു പിന്നീട് ലോക മുസ്ലിംകളുടെ പ്രഥമ ആരാധനാ കേന്ദ്രമായി മാറിയത്". ഒരു പാറയുടെ മുകളിൽ കയറി നിന്നുകൊണ്ട് ഇബ്രാഹിം നബി അത്യുച്ചത്തിൽ ജനങ്ങളെ ഏകത്വത്തിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു. തുടർന്ന്, വിജനമായ ആ ഭൂമിക ജനസാന്ദ്രതയാൽ തിങ്ങിനിറഞ്ഞ് ഒരു വലിയപട്ടണമായിമാറി. കച്ചവട സംഘങ്ങളുടെ ഇടത്താവളവുമായിമാറി. ഇത്തരത്തിലെല്ലാം ആ പ്രദേശമാകമാനം ജനനിബിഡമായി.ഇപ്പോഴും ജനലക്ഷങ്ങളാൽ തിങ്ങിനിറഞ്ഞ് തിരുഗേഹം നിലകൊള്ളുന്നു.അന്ത്യനാൾ വരെ അത് തുടർന്ന് കൊണ്ടേയിരിക്കും.. തീർച്ച....

Swalih Chelabra