രാജ്യം കാത്തിരുന്ന പൊൻപുലരിയാണ് 1947 ഓഗസ്റ്റ് 15 ന് പിറകൊണ്ടത്. ആംഗലേയരുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിതമായ ഇന്ത്യ ഓഗസ്റ്റ്-14 അർദ്ധരാത്രിമുതൽ പുതിയ ഒരു പ്രഭാതത്തെയായിരുന്നു വരവേറ്റത്.
ലോകമൊന്നടങ്കം നിശയുടെ കൂരിരിട്ടിൽ മഴങ്ങുമ്പോൾ ഭാരതത്തിലെ ജനങ്ങൾക്ക് പൂവണിഞ്ഞത് ഉറക്കമൊഴിച് കാത്തിരുന്ന സ്വപ്നമായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടെയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരികയും ചെയ്തതോടെ രാജ്യം മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി മാറി. അതേസമയം തന്നെ പാക് ഭരണഘടനാനിര്‍മ്മാണ സഭയില്‍ ആ രാജ്യം മതേതര രാഷ്ട്രമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ അധികം വൈകാതെ തന്നെ പാക്കിസ്താന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ രൂപീകൃതമായ അതേ പാക്കിസ്താന്‍ തന്നെ പിന്നീട് ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരില്‍ വിഭജിച്ച് ബംഗ്ലാദേശെന്ന മറ്റൊരു രാഷ്ട്രം ഉദയം ചെയ്തു. അപ്പോഴും മറുവശത്ത് ഇന്ത്യ മതേതര രാഷ്ട്രമായി പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. ഈ കുതിപ്പിനിടയിലും ഇന്ത്യ മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു. കുറ്റങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ (ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമാണെന്ന വാദം ഉറപ്പിച്ച് രാമക്ഷേത്ര പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതുവരെ) രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള പ്രയത്‌നം ശ്രദ്ധേയമാണ്. മതേതര മൂല്യങ്ങളും ഇന്ത്യന്‍ ഭരണഘടനയും ഈ രാജ്യത്തിന്റെ ധര്‍മ്മ ചിന്തക്ക് യോജിച്ചതല്ലെന്നും അതിനാല്‍ ഹിന്ദു രാഷ്ട്രത്തിനനുകൂലമായി ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നുമാണ് മതവര്‍ഗീയ ദേശീയവാദികള്‍ ആണയിട്ടു പറയുന്നത്.
വേദനാജനകമായ ഇന്ത്യാവിഭജനം അല്ലെങ്കില്‍ മതത്തിന്റെ പേരിലുള്ള പാക്കിസ്താന്റെ രൂപീകരണം ഒരു ഭാഗത്തും മതേതര ഇന്ത്യ മറുഭാഗത്തുമെന്നത് ആ സമയത്ത് അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുതയായിരുന്നു. സങ്കീര്‍ണതയിലും അതിന്റെ നേരായ പ്രകാശത്തില്‍ ചരിത്ര സംഭവങ്ങളെ അനായാസമാക്കാന്‍ കഴിയില്ല എന്ന് അവരില്‍ പലര്‍ക്കും അറിയാമെങ്കിലും ഹൈന്ദവ ദേശീയവാദികള്‍ ഉറച്ചുതന്നെ നിന്നു. മേഘാലയയിലെ ജഡ്ജി ജസ്റ്റിസ് സെന്‍ നടത്തിയ ഒരു വിധി പ്രസ്താവത്തിലൂടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണമായി. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നമായത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്താനുമെന്ന രണ്ട് രാജ്യങ്ങളായി വിഭജിച്ചതാണെന്നും മുസ്‌ലിംകള്‍ക്കുവേണ്ടിയാണ് പാക്കിസ്താന്‍ രൂപീകരിച്ചതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തരത്തിലായിരുന്നു പരാമര്‍ശം. വിമര്‍ശനം നേരിടേണ്ടിവന്നപ്പോള്‍ താന്‍ മതേതരത്വത്തിലാണ് വിശ്വസിക്കുന്നതെന്നും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇന്ത്യ ഇനിയുമൊരു വിഭജനത്തിന് ഇടയാകരുതെന്നും അദ്ദേഹം വ്യകതമാക്കി.
വിദ്യാസമ്പന്നരായ ന്യായാധിപന്മാരില്‍ നിന്നും അവരുടെ ഇച്ചകൾക്കനുസൃതമായി വരുന്ന ഇത്തരം വാക്കുകളെ നാം എങ്ങനെയാണ് കാണേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രവും വിഭജനവും നിരന്തരം തെറ്റായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിഭജന ദുരന്തത്തിന്റെ കാരണങ്ങളും വിഭജനത്തെതുടര്‍ന്നുണ്ടായ കുടിയേറ്റത്തിന്റെ വലിയ ദുരന്തവും ജനങ്ങള്‍ക്കിടയില്‍ ശരിയായ വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് വ്യക്തമാക്കുന്നത്. വിഭജനത്തിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതം അനുഭവിക്കുന്നതിനായി ഉപഭൂഖണ്ഡങ്ങള്‍ വിവിധ രൂപങ്ങളില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
മുസ്‌ലിംകളിലെയും ഹിന്ദുക്കളിലെയും മഹാ ഭൂരിപക്ഷമാളുകളും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത ഇന്ത്യന്‍ ദേശീയതയില്‍ നിലകൊണ്ടവരായിരുന്നു. കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ നയിച്ച ഇവരുടെ കാഴ്ചപ്പാട് ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഇവര്‍ വ്യവസായികളുടെയും ബിസിനസുകാരുടെയും തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ വിഭാഗങ്ങളുടെയും പുതിയ സാമൂഹ്യ വര്‍ഗങ്ങളുടെ അഭിവാഞ്ഛയെ പ്രതിനിധാനം ചെയ്തു. അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഗാന്ധിജിക്കും ചുറ്റും മെരുങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് രണ്ട് വശങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പായിരുന്നു ഒന്നാമത്തേത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അടിത്തറയില്‍ ആധുനിക ഇന്ത്യ നിര്‍മ്മിച്ചെടുക്കലായിരുന്നു മറ്റൊന്ന്.
അതേസമയം, ഫ്യൂഡല്‍ ഘടകങ്ങള്‍, താഴ്ന്ന വര്‍ഗങ്ങള്‍, പട്ടിക വിഭാഗത്തിലെ ജനങ്ങൾ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കാന്‍ തുടങ്ങുകയും കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ എതിര്‍ക്കുകയും ചെയ്തു. ഈ താഴ്ന്ന വിഭാഗങ്ങള്‍ ജനനം അടിസ്ഥാനമായുള്ള അസമത്വത്തിലും ജാതിയുടെയും, ലിംഗത്തിന്റെയും പേരിലുമാണ് താഴേക്കിടയിലേക്ക് തള്ളപ്പെട്ടത്. അവര്‍ മതത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെട്ടു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടന്റെ പ്രധാന നയം മതത്തിന്റെ പേരില്‍ ഫ്യൂഡല്‍ ഉത്ഭവത്തിന്റെ മൂലകങ്ങള്‍ വേര്‍തിരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇങ്ങനെയാണ് ഹിന്ദു വിഭാഗങ്ങള്‍ പിന്നീട് ഹിന്ദു മഹാസഭയായ പഞ്ചാബ് ഹിന്ദു സഭയുടെ രൂപവത്കരണത്തിലെത്തിയത്. തുടക്കത്തില്‍ രാജാക്കന്മാരും, ജന്മികളുമടങ്ങുന്ന ഭൂ പ്രഭുക്കന്മാരും മാത്രമായിരുന്നു ഈ സംഘടനയില്‍ ഭാഗമായിരുന്നത് എന്നതാണ് രസകരം. പിന്നീട് ചില ഉയര്‍ന്ന ജാതിക്കാരും വിദ്യാസമ്പന്നരായ കുലീനരും സംഘടനയില്‍ ചേരുകയായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഉള്ള രാജ്യമാണ് വേണ്ടതെന്നും അതില്‍ ഹിന്ദു രാഷ്ട്രമാണ് പ്രാഥമികമെന്നുമായിരുന്നു ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നത്. ഈ പ്രത്യയശാസ്ത്രത്തിന്റെ ചുറ്റുപാടില്‍, ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തോടെ ആര്‍.എസ്.എസ് ഉയര്‍ന്നുവന്നു. ഈ സംഘടനകള്‍ സ്വത്വരാഷ്ട്രീയം സ്വീകരിക്കുകയും ‘ഇതര’ മതസമൂഹത്തിനെതിരായി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തു.ഇവിടം മുതൽ കലാപങ്ങൾക്ക് ശിലപാകി.
ദക്ഷിണേഷ്യയില്‍ ഒരു ഉപഭോക്തൃ സംസ്ഥാനം വേണമെന്നത് ബ്രിട്ടീഷുകാരുടെ ആഗ്രഹമായിരുന്നു. മുസ്‌ലിംകള്‍ക്കായി പാകിസ്താന്‍ രൂപവത്കരിക്കുകയും അവശേഷിക്കുന്ന ഇന്ത്യ ഇരു സമുദായങ്ങള്‍ക്കാക്കുകയും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ വേര്‍തിരിക്കപ്പെട്ടതെങ്കില്‍ വലിയ തോതില്‍ മുസ്‌ലിംകള്‍ ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നതായിരുന്നു വിരോധാഭാസം. ഒരു തലത്തില്‍ ജസ്റ്റിസ് സെന്‍ ചൂണ്ടിക്കാട്ടിയ ആശയക്കുഴപ്പങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ നയത്തില്‍ നിലകൊള്ളുന്നു, ഇന്ത്യയൊരു മതനിരപേക്ഷ ജനാധിപത്യ രാജ്യമായിരിക്കണമെന്നത് സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കല്‍പിക സ്വപ്‌നമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ വിശാലമായ വിഭാഗങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിധ്വനിയായിരുന്നു അത്. നമ്മുടെ നേതാക്കള്‍ ശരാശരി ഇന്ത്യക്കാരുടെ കാഴ്ചപ്പാടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഈ മൂല്യങ്ങളെ ചവിട്ടിത്തേയ്ക്കുന്നതാണ് കാണുന്നത്. അത് ഇന്ത്യന്‍ സമൂഹത്തിന്റെ വിശാല ജനക്കൂട്ടത്തിന്റെ സ്വപ്‌നങ്ങളും മോഹങ്ങളുമായിരുന്നു. ഇന്ത്യയില്‍ ഇന്ന് കാണുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച സമൂഹത്തിലെ ചില വിഭാഗങ്ങളെ ഇതൊരു ഹിന്ദു രാജ്യമാണെന്ന് വിശ്വസിപ്പിച്ചു. മതവും ജാതിയും ലിംഗവുമൊന്നും പരിഗണിക്കാത്ത ഒരു സമത്വ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്നതിലൂടെ വേഗത്തില്‍ ഉരുകുന്നതാകണം സ്വത്വ പ്രശ്‌നങ്ങള്‍ക്കു ചുറ്റും നിര്‍മ്മിച്ച ഈ മിഥ്യാബോധം.
മാറിമാറി വന്ന ഭരണകൂടം രാജ്യത്തിന്റെ പുരോഗമനത്തതിനായി പ്രയത്നിച്ചു.ഭരണഘടനക്കനുസൃതമായി തന്നെ രാജ്യത്തെ നയിച്ചു. കാര്യമായ രീതിയിലുള്ള പരാജയങ്ങൾ ഏറ്റുവാങ്ങാതെ ഭാരതം മുന്നോട്ട് കുതിച്ചു. ദീർഘ വീക്ഷണത്തിനുടമകളായ പലരുടെയും വിയോഗം പതിയെ പതിയെ രാജ്യത്തെ പിറകോട്ടടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെനന്നറിയപ്പെട്ട ഇന്ത്യ പലക്കാരണങ്ങളാലും ലോകത്തിനുമുമ്പിൽ തലകുനിക്കേണ്ട ഗതിയിലേക്കെത്തിയിരിക്കുന്നു.
ആശാസ്ത്രിയമായ നിയമങ്ങളും വിത്യസ്ത നയപ്രഖ്യാപനങ്ങളും രാജ്യത്തെ പരാജയത്തിലേക് നയിച്ചു.
നോട്ടുനിരോധനവും, ഇന്ധന വിലവർധനവും
രാജ്യത്തെ ജനങ്ങളെ നടുവൊടിക്കുകയും, സാമ്പത്തിക സ്രോതസ്സ് കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ തെല്ലും ഭയക്കാതെയുള്ള ഈ പോക്ക് തീർത്തും ഭാരതത്തിനേൽക്കുന്ന കനത്ത പ്രഹരമാണ്.
ജിഡിപി 24% കുറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാറിന് കീഴില്‍ നേരത്തെ മാന്ദ്യത്തിലായ രാജ്യത്തിന് മുന്നില്‍ കോവിഡ് സുനാമിയായി മാറുമെന്ന തന്റെ മുന്നറിയിപ്പ് പങ്കുവെച്ചായിരുന്നു കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
രാജ്യം കൊറോണ വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാനുള്ള മുന്നറിയിപ്പുകളുമായി ജനുവരി മുതല്‍ തന്നെ നിരവധി ട്വീറ്റുകളാണ് രാഹുല്‍ പങ്കുവെച്ചിരുന്നത്. നിലവില്‍ തന്നെ മാന്ദ്യം അനുഭവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് അടിക്കുന്ന സുനാമിയാണ് കൊറോണ എന്നും മോദി മണ്ണില്‍ നിന്നും കൈകളുയര്‍ത്തി ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രവചനം.
ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ശേഷം, പിന്നീട് മാസങ്ങള്‍ മുന്നിലുണ്ടായിട്ടും പ്രതിരോധ പദ്ധതികളൊന്നും നടപ്പാക്കാത്ത മോദി സര്‍ക്കാരിനെ അന്ന് രാഹുല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വ്യക്തമായ മുന്നൊരുക്കുങ്ങളില്ലാത്ത കേന്ദ്രത്തിന്റെ ലോക്ഡൗണെതിരേയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. 21 ദിവസത്തെ ആദ്യ ഘട്ട അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന സാമ്പത്തിക പാക്കേജുകൾ വരാത്തത് നിരാശാജനകമായാണ് രാജ്യം കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോവിഡ് -19 വ്യാപിച്ച് 84 ദിവസത്തിന് ശേഷം മാര്‍ച്ച് 24 ന് മാത്രമാണ് വെന്റിലേറ്ററുകള്‍, ശ്വസന ഉപകരണങ്ങള്‍, സാനിറ്റൈസറുകള്‍ എന്നിവയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ വിലക്കിയതെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ മുഖവിലക്കെടുക്കാത്തതിന് തെളിവാണെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, രാജ്യത്തെ കൊറോണ വൈറസ് പിടിമുറുക്കി തുടങ്ങിയ മാര്‍ച്ചില്‍ തന്നെ ഇന്ത്യയിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇരുമുഖ നിര്‍ദേശങ്ങളുമായി നിരവധി നിർദേശങ്ങൾ എത്തുകയും സർവ്വതിനെയും പാടെ അവഗണിച്ച് കേന്ദ്രം തങ്ങളുടെ പതിവ് ജോലിയിൽ ഏർപ്പെട്ടു.വൈറസുമായുള്ള ഈ യുദ്ധത്തില്‍ നാശനഷ്ടങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യംമെന്നും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഉപായത്തിലെ രണ്ടാം ഘടകം ഐസൊലേഷന്‍, പരിശോധനാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വിപുലീകരണമാണെന്നും, രാജ്യം നേരിടാന്‍ പോകുന്ന കൊറോണ സുനാമിയെ സംബന്ധിച്ച് ഫെബ്രുവരി 12 മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടിരുന്നു.
കഴിഞ്ഞ ആറേഴ് വര്‍ഷത്തെ ഭരണം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം മാത്രമാണ് സമ്മാനിച്ചതെന്നത് ഏവർക്കും വ്യക്തമാണ്. രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതിയാണ് മോദിയുടെ ഭരണക്കാലയളവില്‍ സംഭവിച്ചതെന്നതും പകൽ പോലെ യാഥാർഥ്യം. ഇന്ത്യയെ നശിപ്പിക്കുന്നതില്‍ നോട്ടുനിരോധനത്തിന് വലിയ പങ്കുണ്ട്. ഉത്തരവാദിത്വമില്ലായ്മയുടെ ആകെത്തുതയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കഴിഞ്ഞ വര്‍ഷങ്ങൾ. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചത്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നിലവിലുള്ളത്. ജനങ്ങളെ വിഡ്ഢികളാക്കിയാണ് ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയതെന്ന് ഇപ്പോള്‍ ഔദ്യോഗികമായി തന്നെ തെളിഞ്ഞിരിക്കുയാണ്. നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍ മാറിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്കാണെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്.
നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുന്നത് ഇപ്പോഴാണ്. ബി.ജെ.പിയിലെ കോടിപതികള്‍ക്ക് വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നത്. ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ 14,293.71 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി വെച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ തുകയാണ് ഇത്. ജനങ്ങളെ വിഡ്ഢികളാക്കി ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുന്നെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക് കോഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് മാറിയെടുത്തത് എന്നായിരുന്നു വിവാരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അമിത് ഷാ ഈ ബാങ്കിന്റെ ഭരണത്തലവനാണ്. ഗുജറാത്ത് മന്ത്രിസഭയിലെ അംഗമായ ജയേഷ് ഭായി വിത്തല്‍ഭായ് റഡാദിയ ചെയര്‍മാനായ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കാണ് നോട്ട് മാറിയെടുത്തതില്‍ രണ്ടാം സംസ്ഥാനത്ത്. 693.19 കോടി രൂപയാണ് ഈ ബാങ്ക് മാറിയെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധിച്ചതിന് പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് അനുമതി പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കും കോടികളുടെ നിരോധിത നോട്ടുകള്‍ മാറിയെടുത്തിരുന്നു.
മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയിയുടെ ചോദ്യത്തിന് മറുപടിയായി നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്.ശരവണവേല്‍ ആണ് സഹകരണ ബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കിയത്.
സ്വതന്ത്ര ഭാരതത്തിന്റെ സഞ്ചാരപഥം യതാർത്ഥ വഴിയിൽ നിന്ന് വ്യതിചലിച്ചാണെന്ന കാര്യം അവിതർക്കിത്തമാണ്.രാജ്യം അതിന്റെ 72 ആ -മത് സ്വാതന്ത്രം ആഘോഷിക്കുമ്പോഴും മറുഭാഗത്ത് ഭരണകൂടത്തിനെതിരെയുള്ള ശബ്ദം കർഷകരുടെ വകയായി ശക്തിയാർചിച്ച് കൊണ്ടിരിക്കുകയാണ്.ഒരു കൊല്ലത്തിലധികമായി കർഷകർ അവരുടെ ആവിശ്യം നിറവേറാനായി കേഴുന്നു.മനുഷ്യത്വത്തിന്റെയും, കരുണയുടെയും ഉറവ വറ്റിയ ഭരണാധികാരികളാണെന്നതിനാൽ അവരുടെ ആവിശ്യം വിദൂരഭാവിയിലെങ്കിലും നിറവേറുമോയെന്ന കാര്യം ആശങ്കാജനകമാണ്........

മുഹമ്മദ് സ്വാലിഹ് ചേലേമ്പ്ര