തഫ്സീറിന്‍റെ പിന്നാമ്പുറങ്ങളിലൂടെ




സർവലോകാനുഗ്രഹിയായി ഭൂജതനായ  ദൈവദൂതരിലൂടെ നീണ്ട 23 വർഷങ്ങളിലായി മാനവ സമൂഹത്തിന് മഹാവെളിച്ചമായി അവതീർണമായ വിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ.ഖുർആനിലെ പദങ്ങളുടെ ഉച്ചാരണ ശൈലി,അർത്ഥതലങ്ങൾ ഒരുമിച്ചും, അല്ലാതെയും  നിൽക്കുമ്പോഴുള്ള പദങ്ങളുടെ വിധികൾ, പദങ്ങൾ ഉച്ചരിക്കുമ്പോൾ ലഭിക്കേണ്ട ആശയങ്ങൾ, ഇവയുടെ പൂർത്തീകരണമായ മതവിലക്കുകൾ അടങ്ങുന്ന മറ്റുകാര്യങ്ങൾ എന്നിവയെക്കുറിച്ച്  ചർച്ച ചെയ്യുന്ന വിജ്ഞാന ശാഖയാണ് തഫ്സീർ. തഫ്സീറും തഅവീലും(വ്യാഖ്യാനവും) ഒന്ന് തന്നെയാണോ എന്നതിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്.

പൊതുവെ തഫ്സീർ രണ്ട് വിധമാണ്.പദങ്ങളുടെ കുരുക്കഴിക്കലും ഇഅറാബുകൾ വിശദീകരിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് ആദ്യ വിഭാഗം. അള്ളാഹു ജനങ്ങൾക്ക് നിയമമാക്കിയതിലെ യുക്തികൾ, സന്മാർഗ ശോഭ തുടങ്ങിയവയാണ് രണ്ടാമത്തെ വിഭാഗത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

ഉത്ഭവം:- അറബിഭാഷയിൽ അവതീർണമായ വിശുദ്ധഗ്രന്ഥത്തിന്റെ  ആദ്യ വ്യാഖ്യാതാവ് പ്രവാചകൻ (സ)തങ്ങൾ തന്നെയാണ്.ഖുർആനിന്റെ  വ്യാഖ്യാനങ്ങളായിട്ടാണ് തിരുമേനിയുടെ  വാക്കും പ്രവർത്തിയും ജീവിതവുമെല്ലാം കഴിച്ച്കൂട്ടിയത്. "എങ്ങനെയായിരുന്നു പ്രവാചക ജീവിതം" എന്ന് ചോദിക്കപ്പെട്ടപ്പോൾ ആഇശ  (റ)പറയുകയുണ്ടായി : "അവിടുത്തെ സ്വഭാവം പരിശുദ്ധ ഖുർആൻ ആയിരുന്നു".

തഫ്സീറുകളുടെ ഉത്ഭവവും വളർച്ചയും പരിഗണിച്ച് മൂന്ന് ഘട്ടങ്ങളായി അവയെ  തിരിക്കാവുന്നതാണ്.

1) നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലഘട്ടം:              സ്വഹാബത്ത് അവർക്ക് സംശയമുള്ള ഖുർആനിക ആയത്തുകളും അവയുടെ ആശയങ്ങളും പ്രവാചകൻ (സ)തങ്ങളോട് ചോദിക്കുകയും നബി (സ) അവക്ക് തക്കതായ വ്യാഖ്യാനം പറഞ്ഞു കൊടുക്കുമായിരുന്നു. സ്വഹാബാക്കൾ സന്ദർഭോചിതമായും ഖുർആനിന്റെ വ്യാഖ്യാനങ്ങൾ  കണ്ടെത്താറുണ്ടായിരുന്നു എന്ന് അബ്ബാസ് (റ)വിന്റെ  വാക്കുകളിൽ നിന്നും നമുക്ക് വ്യക്തമാണ്. അദ്ദേഹം പറയുന്നു: തനിക്ക് അന്യമായിരുന്ന  'ഫാത്വിറ' (فاطر) എന്ന പദത്തിന്റെ അർത്ഥം "തുടങ്ങി വെക്കുക" എന്നാണെന്ന്" മനസ്സിലായത് രണ്ട് കാട്ടറബികൾ കിണറു മായി ബന്ധപ്പെട്ട തർക്കത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ്. 

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് അറിവ് പഠിച്ച മക്കക്കാരും ഇബ്നു മസ്ഊദ്‌ (റ) വിൽ നിന്ന് വിദ്യ നുകർന്ന മദീനക്കാരുമാണ് ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളായി  അറിയപ്പെടുന്നത്. ഇബ്നു  അബ്ബാസ് (റ) വിന്റെ ജീവിതത്തിലേക്ക് കണ്ണോടിക്കുമ്പോൾ വിജ്ഞാനത്തിന്റെ വിശാലമായ വിഹായസ്സിൽ വിരാജിച്ച വിശ്വപ്രസിദ്ധനായ ജ്ഞാനിയായിരുന്നു അദ്ദേഹം എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രവാചകൻ(സ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുണ്ടായി.                      (اللهم فقهه في الدين وعلمه التأويل )  " അല്ലാഹുവേ നീ ഇദ്ദേഹത്തെ ദീനിന്റെ വിഷയത്തിൽ ഫഖീഹാക്കുകയും വ്യാഖ്യാനത്തെ അദ്ദേഹത്തിന് നീ പഠിപ്പിക്കുകയും ചെയ്യേണമേ". അതിന്റെ ഫലമായി തന്നെ പിൽക്കാലത്ത് 'ترجمان القراۤن' (ഖുർആൻ വ്യാഖ്യാതാവ്) എന്നായിരുന്നു മഹാനവറുകൾ അറിയപ്പെട്ടിരുന്നത്. 

തഫ്സീർ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു പ്രധാനിയാണ് ഇബ്നു മസ്ഊദ്‌(റ). അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി:"ഖുർആനിലെ ഓരോ ആയത്തും ആരുടെ കാര്യത്തിൽ അവതരിച്ചുവെന്നും എവിടെവെച്ച്  അവതരിച്ചു എന്നും എനിക്ക് നല്ലതുപോലെ അറിയാത്തതായിട്ടില്ല,എന്നേക്കാൾ അറിയുന്ന ഒരാൾ വാഹനം ചെന്നെത്താവുന്ന വല്ല സ്ഥലത്തും ഉണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകുമായിരുന്നു." ഹിജ്റ 26-ൽ അദ്ദേഹം വഫാത്തായി.  അതിനുശേഷം 36 കൊല്ലം ഇബ്ന് അബ്ബാസ് (റ)ജീവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് വിജ്ഞാനങ്ങൾ ഇബ്നു മസ്ഊദ്‌ (റ) വിനേക്കാൾ കൂടുതൽ കരസ്ഥമാക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട് എന്ന് പണ്ഡിതന്മാർ പറയുന്നു.

2) താബിഉകളുടെ കാലഘട്ടം: ഉത്ഭവവും വളർച്ചയും പരിഗണിച്ചുള്ള തഫ്സീറുകളുടെ രണ്ടാം ഘട്ടമാണ് പ്രസ്തുത കാലഘട്ടം. താബിഈ കാലഘട്ടത്തിലെ ഖുർആൻ വ്യാഖ്യാതാക്കളിൽ  പ്രസിദ്ധരാണ്  മുജാഹിദ്(റ)വും ഹസനുൽ ബസ്വരി (റ)തങ്ങളും.

3) ക്രോഡീകരണ കാലഘട്ടം: തഫ്സീറുകളുടെ ഈ മൂന്നാംഘട്ടത്തിലാണ് അവയുടെ ക്രോഡീകരണം നടന്നത്. അമവികളുടെ  അവസാനവും അബ്ബാസികളുടെ   ആദ്യത്തിലുമാണ് ക്രോഡീകരണം . കാര്യമായ ക്രോഡീകരണം  അമവി കാലഘട്ടത്തിലാണ് സംഭവിച്ചത്. അനവധിനിരവധി തഫ്സീറുകൾ രചിക്കപ്പെട്ട കാലഘട്ടമാണ് അമവി-അബ്ബാസി കാലഘട്ടം. ഖുർആൻ വ്യാഖ്യാതാക്കളിൽ മുമ്പ് പറഞ്ഞ മുജാഹിദ് ബ്നു ജഅ്ഫർ എന്ന മുജാഹിദ് (റ) തന്നെയാണിതിൽ പ്രധാന പങ്കുവഹിച്ചതും. ചരിത്രത്തിലെ പ്രഥമ  തഫ്സീറിന് അദ്ദേഹം തുടക്കം കുറിച്ച്ചെന്ങ്കിലും ലക്ഷണമൊത്ത ആദ്യ തഫ്സീർ രചിക്കപ്പെട്ടത് അബ്ബാസിയ കാലഘട്ടത്തിലാണ്.

ഇസ്ലാമിക കാലഘട്ടത്തിലെ വിസ്മരിക്കാനാവാത്ത അധ്യായമായിരുന്നു ഈ കാലഘട്ടം.ഒട്ടനേകം വൈജ്ഞാനിക വിപ്ലവങ്ങൾക്കും  മുന്നേറ്റങ്ങൾക്കും സാക്ഷിയായ ഈ കാലഘട്ടത്തിൽ ജ്യോതിശാസ്ത്രം, ആൽകെമി, ആരോഗ്യ ശാസ്ത്രം, ഗണിതം തുടങ്ങി നിരവധി മേഖലകളിലും വിപ്ലവാത്മകമായ കണ്ടെത്തലുകളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. സർവ്വ വിജ്ഞാന ശാഖകളും ഒരു കുടക്കീഴിൽ ഒരുമിച്ചു കൂട്ടാൻ കഴിഞ്ഞു എന്നത് ഈ കാലഘട്ടത്തിന്റെ മറ്റൊരു സവിശേഷതയാണ്.

ഖുർആൻ: വ്യാഖ്യാനം അനുവദനീയമോ?


 ഖുർആൻ, ഹദീസുകൾ, സ്വഹാബത്തിന്റെ വചനങ്ങൾ എന്നീ തെളിവുകൾ നിരത്തി ഖുർആൻ വ്യാഖ്യാന സംബന്ധമായ പലകാര്യങ്ങളെക്കുറിച്ചും "തഫ്സീറുത്ത്വബരി" എന്ന തന്റെ ഖുർആൻ വ്യാഖ്യാന കേന്ദ്രത്തിൽ ത്വബരി ഇമാം ഇപ്രകാരം വ്യക്തമാക്കുന്നു:"പ്രധാനമായും ഖുർആൻ വ്യാഖ്യാനം മൂന്ന് വിധത്തിലാണ്.

1) അള്ളാഹുവിന് മാത്രം അറിയുന്നത്, മറ്റാർക്കും അറിയാത്തത്. മഫാതീഹുൽ ഗൈബ്, ഈസാ നബിയുടെ വരവ്, തുടങ്ങിയ കാര്യങ്ങളാണ് ഇവയിൽ ഉൾക്കൊള്ളുന്നത്.

2) നബി (സ)തങ്ങൾക്ക് മാത്രമായി അള്ളാഹു അറിയിച്ചു കൊടുത്തത്, മറ്റാർക്കും അറിയാത്തത്. പ്രവാചകരുടെ(സ്വ) സഹായം കൂടാതെ 
ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മതവിധി, ശിക്ഷാ നിയമങ്ങൾ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

3) ഖുർആൻ അവതരിച്ച ഭാഷ അറിയുന്നവർക്ക് മാത്രം ഗ്രഹിക്കാവുന്നത്. അഥവാ അറബിഭാഷയും അതിന്റെ വ്യാകരണവും അറിയുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്നതാണിവ. അതിനാൽ തന്നെ നബി (സ)തങ്ങളിൽ നിന്നുള്ള ഹദീസുകൾ നിരത്തി, വിശ്വസ്തരായ നിവേദകരിൽ നിന്നും ഹദീസുകൾ ഉദ്ധരിച്ച് വ്യാഖ്യാനം നിർവഹിക്കാം. അത്തരത്തിൽ മുൻഗാമികളായ സ്വഹാബി ഇമാമുമാർ, പിൻഗാമികളായ താബിഈങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾക്ക് പുറത്തു പോകാത്ത രീതിയിലുള്ളവരുടെ വ്യാഖ്യാനവും സ്വീകാര്യമാണ് "എന്നാണ് തബരി ഇമാം പറയുന്നത്.

മുൻകാലങ്ങളിലും ഖുർആൻ വ്യാഖ്യാനിക്കപ്പെട്ടിരുന്നെന്നും പ്രവാചകൻ അതിനെ അനുവദിച്ചിട്ടുമുണ്ട് എന്നും ഇമാം ഇബ്നു കസീർ(റ) "തഫ്സീറുൽ ഖുർആനുൽ അളീം"എന്ന തന്റെ വ്യാഖ്യാന ഗ്രന്ഥത്തിലൂടെ ചരിത്ര സത്യങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിലൊന്നാണ് മുആദ് ബ്നു ജബൽ (റ) വിന്റെ സംഭവം. അദ്ദേഹത്തെ പ്രബോധന ദൗത്യവുമായി യമനിലേക്ക് അയക്കുമ്പോൾ പ്രവാചകൻ (സ) തങ്ങൾ ചോദിച്ചു: " ജനങ്ങൾക്കിടയിൽ എന്തുകൊണ്ടാണ് നീ വിധി  നടപ്പിലാക്കുക". മുആദ് (റ) പറഞ്ഞു:  അല്ലാഹുവിന്റെ കിതാബ് കൊണ്ട് പ്രവാചകരേ. പ്രവാചകൻ വീണ്ടും ചോദിച്ചു: " അതിൽ നിന്ന് ലഭിച്ചില്ലെങ്കിലോ? " ഞാൻ സുന്നത്തിൽ അന്വേഷിക്കും തിരുദൂതരേ. മുആദ് (റ) പ്രതിവചിച്ചു. " അതിലും കിട്ടിയില്ലെങ്കിലോ? " പ്രവാചകൻ (സ)ചോദ്യം തുടർന്നു. അദ്ദേഹം പറഞ്ഞു: ഞാൻ എനിക്ക് മനസ്സിലായതിനെ വിധിക്കും. ഇത് കേട്ട പ്രവാചകൻ (സ) തങ്ങൾ അദ്ദേഹത്തിന്റെ നെഞ്ചിൽ തട്ടി കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലിന്റെ ദൂതനെ  അല്ലാഹുവിന്റെ റസൂൽ ഉദ്ദേശിച്ചതിനെ പറയിപ്പിച്ച അള്ളാഹുവിനാണ് സർവ്വസ്തുതിയും".

 മറ്റൊരു സംഭവം: അലി (റ)ഒരിക്കൽ ഇബ്നു അബ്ബാസ് (റ) വിനെ ഹജ്ജിന്റെ അമീറാക്കി നിയമിച്ചു. അന്ന് നടത്തിയ പ്രഭാഷണത്തിൽ 'ബഖറ'  സൂറത്ത് ഓതിക്കൊണ്ട് അദ്ദേഹം വ്യാഖ്യാനിക്കുക യുണ്ടായി. അബൂ വാഇൽ (റ)പറയുന്നു: റോമക്കാരും തുർക്കികളും ദൈലമക്കാരും ആ പ്രഭാഷണം കേട്ടിരുന്നെങ്കിൽ അവർ ഇസ്ലാമിലേക്ക് കടന്നു വരുമായിരുന്നു.

ഖുർആൻ: വ്യാഖ്യാനിക്കേണ്ടത് എങ്ങനെ?

  
ഖുർആനിനെ ഖുർആൻ കൊണ്ട് തന്നെ വ്യാഖ്യാനിക്കുന്നത് ആണ് പൊതു രീതി. ഇബ്നു  കസീർ (റ)ഇതു തന്നെയാണ് തന്റെ ഗ്രന്ഥത്തിലൂടെ പ്രതിപാദിക്കുന്നത്. ഖുർആനിനെ  ഖുർആൻ കൊണ്ട് തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. ഒരിടത്ത് പറയാത്തത് ഖുർആൻ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ടാവും. ഒരു ഖുർആൻ വ്യഖ്യാതാവിനെ സംബന്ധിച്ചിടത്തോളം ഖുർആൻ മുഴുവൻ ഹൃദ്യസ്ഥമായിരിക്കുക  എന്നത് വളരെ വലിയ നേട്ടമാണ്. ഒരു സ്ഥലത്ത് ഉദ്ദേശ്യം വ്യക്തമായില്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിന്ന് അത് മനസ്സിലാക്കാനും അത് ഉപകരിക്കുന്നു .  മുഴുവൻ മന:പ്പാഠ മല്ലെങ്കിൽ അതിലെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന മറ്റു ആയത്തുകൾ സന്ദർഭോചിതമായി  ഓർമ്മ വരുന്ന രീതിയിൽ പരിചയം ഉണ്ടായിരിക്കുക യെങ്കിലും അനിവാര്യമാണ്.  ഇല്ലാത്തപക്ഷം  അബദ്ധങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഖുർആൻ പറയുന്നു: وانزلنا إليك الذكر لتبيّن للنّاس ما نزّل إليهم ولعلّهم يتفكّرون ( ജനങ്ങൾക്ക് വിശദീകരിച്ചു നൽകാനും അവർ ചിന്തിക്കുന്നവർ ആകാനും വേണ്ടിയാണ് നിങ്ങളിലേക്ക് നാം വേദഗ്രന്ഥത്തെ ഇറക്കി തന്നത്.) അതിനുശേഷം, സുന്നത്ത് കൊണ്ടാണ് ഖുർആനിനെ വ്യാഖ്യാനിക്കേണ്ടത്. പ്രവാചകൻ (സ) തങ്ങൾ ഒരിക്കൽ പറഞ്ഞു: അറിയുക,ألا أوتيت القراۤن ومثله معه ( നിശ്ചയം എനിക്ക് ഖുർആൻ ഇറക്കപ്പെട്ടു, അതുപോലെയുള്ള അത്രയും ) നബി (സ)തങ്ങൾ ഇതുകൊണ്ട് ഉദ്ദേശിച്ചത് സുന്നത്തുകളെയാണ്.  അവയും അള്ളാഹു പ്രവാചകന്  അറിയിച്ചു കൊടുത്ത വഹിയ് തന്നെയാണ്. പക്ഷേ ഖുർആൻ പോലെ പാരായണം ചെയ്യപ്പെടുന്നില്ല എന്നുമാത്രം. സുന്നത്തിനുശേഷം സ്വഹാബികളുടെ വചനങ്ങൾ കൊണ്ടും അതിനും ശേഷം  താബിഉകളുടെ വചനങ്ങൾ കൊണ്ടുമാണ് ഖുർആൻ വ്യാഖ്യാനിക്കേണ്ടത്. ഭാഷ, മതജ്ഞാനം  എന്നിവ മുഖേന ലഭിക്കുന്നത് വ്യാഖ്യാനമായി പറയുന്നതിൽ വിരോധമില്ല.

ഖുർആൻ വ്യാഖ്യാന രംഗത്ത്  മുഫസ്സിരീങ്ങൾ  വളരെയധികം ഭയപ്പെട്ട ഒരു കാര്യമായിരുന്നു അറിവില്ലാത്തതിനെ കുറിച്ചും സംശയങ്ങൾ ഉള്ളതിനെക്കുറിച്ചും വ്യാഖ്യാനിക്കുക എന്നത്. നബി (സ) തങ്ങൾ തന്നെ പറയുന്നു:من قال في كتاب الله برؤيه أو ما لا يعلم فاليتبوّأ مقعده في النار (ഖുർആനിന്റെ  വിഷയത്തിൽ അറിവില്ലാത്തതിനെയോ സ്വന്തം അഭിപ്രായമനുസരിച്ചുള്ള കാര്യങ്ങളെയോ  ആരെങ്കിലും പറഞ്ഞാൽ അവന് നരകത്തിൽ നിന്നുള്ള  ഒരു ഇരിപ്പിടം തയ്യാറായി  കൊള്ളട്ടെ.) മസ്‌റൂഖ്  (റ) പറയുന്നു :اتّقوا التفسير فإنما هو الروايۃ عن الله ( നിശ്ചയം, ഖുർആൻ വ്യാഖ്യാനത്തെ  നിങ്ങൾ ഭയക്കുക, കാരണം അത് രക്ഷിതാവിനെ തൊട്ട് നിവേദനം ചെയ്യലത്രേ). ഒരിക്കൽ ഇബ്നു അബ്ബാസ് (റ) വിന്റെ അടുക്കൽ വന്നു കൊണ്ട് ഒരാൾ ചോദിച്ചു: അല്ലയോ തങ്ങളെ,(32:5)يوم كان مقداره ألف سنۃ ആയിരം വർഷങ്ങളേക്കാൾ ദൈർഘ്യമുള്ള ഒരു ദിവസം, ഏതാണ് ഖുർആൻ പറഞ്ഞ ആ ദിവസം എന്നറിയാമോ? ഉടനെ അബ്ബാസ് (റ)തിരിച്ചുചോദിച്ചു: (70:4)يوم كان مقداره خمسين ألف سنۃ എന്ന് അല്ലാഹു പറഞ്ഞത് ഏതാണെന്നറിയുമോ? ചോദ്യകർത്താവ് മറുപടി പറഞ്ഞു. അത് പറഞ്ഞു തരാൻ വേണ്ടി തന്നെയാണ് ഞാൻ നിങ്ങളോട് ചോദിക്കുന്നത്, അദ്ദേഹം പറഞ്ഞു അങ്ങനെ രണ്ടു ദിവസത്തെ കുറിച്ച് അള്ളാഹു പറഞ്ഞു അത് ഏതാണെന്ന് അല്ലാഹുവിനറിയാം. ചുരുക്കത്തിൽ തനിക്കറിയാത്തത് വ്യാഖ്യാനിക്കൽ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് സാരം. എന്നാൽ അറിവുള്ളതിനെക്കുറിച്ച് മറച്ചുവെക്കലും വലിയ പാപമാണ്.നബി (സ) തങ്ങൾ പറഞ്ഞു:من سٸل من علم فكتمه الجم يوم القيامۃ بالجام من النار
       'ഒരു ജ്ഞാനത്തെക്കുറിച്ച് ഒരാൾ ചോദിക്കപ്പെട്ടു, അപ്പോൾ അയാൾ അതിനെ മറച്ചു വെച്ചാൽ ഖിയാമത്ത് നാളിൽ അഗ്നിയാൽ ഉള്ള ഒരു കടിഞ്ഞാൺ കൊണ്ട് അവൻ കടിഞ്ഞാ ണിടപ്പെടുന്നതാണ്".

തഫ്സീറുകൾ പലതരം:-

ഖുർആൻ വ്യാഖ്യാന രംഗത്ത് രചന നടത്തിയവരുടെ വ്യാഖ്യാന രീതികളും വീക്ഷണ ഗതികളും അടിസ്ഥാനമാക്കി തഫ്സീറുകളെ പല ശാഖകളായി തിരിക്കാവുന്നതാണ്.

• നിവേദനാത്മക തഫ്സീറുകൾ:-
ഖുർആൻ സൂക്തങ്ങൾക്ക് ചരിത്രം, ഭാഷ,
കർമ്മശാസ്ത്രം എന്നിവ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളാണ് ഇവയിൽ പെടുന്നത്. ത്വബരി ഇമാമിന്റെ തഫ്സീറുത്ത്വബരി, ഇമാം ഇബ്നു കസീർ (റ) വിന്റെ തഫ്സീറുൽ ഖുർആനുൽ അളീം എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.

• ഗവേഷണാത്മക തഫ്സീറുകൾ:-
അറബി ഭാഷയിലും ഖുർആനിക വിജ്ഞാനങ്ങളിലും  അവഗാഹം നേടിയതിനുശേഷം സ്വന്തം അഭിപ്രായങ്ങളും വീക്ഷണങ്ങളും പ്രകടിപ്പിക്കുകയും ചർച്ചചെയ്യുകയും ചെയ്തുകൊണ്ടുള്ള വ്യാഖ്യാനങ്ങളാണ് ഇവ. ഇമാം റാസി (റ)വിന്റെ  മഫാതീഹുൽ ഗൈബ്, ബൈളാവിയുടെ അൻവാറുത്തൻസീൽ, ഇമാം മഹല്ലി, ഇമാം സുയൂതി (റ)ചേർന്ന് രചിച്ച തഫ്സീറുൽ ജലാലൈനി എന്നിവയെല്ലാം ഇതിലെ പ്രധാന ഗ്രന്ഥങ്ങളാണ്.

• വിശകലനാത്മക തഫ്സീറുകൾ:
തഫ്സീറുകളാണ്  ഈ ഇനത്തിൽ പെടുന്നത്. അലങ്കാരശാസ്ത്രം, പരിണാമം എന്നിവയ്ക്ക് ഇവയിൽ ഊന്നൽ നൽകുന്നു. സമഖ്ശരി (റ) വിന്റെ അൽ കശ്ശാഫ്, വനിതകളിൽ പെട്ട പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ ആഇശ ബിൻത് ശാത്വിഇന്റെ തഫ്സീറുൽ ഖുർആൻ ലിൽ ഖുർആനിൽ കരീം എന്നിവ വിശകലനാത്മക തഫ്സീറുകളാണ്.
        
•കർമശാസ്ത്ര തഫ്സീറുകൾ:
ഫിഖ്ഹുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഇത്തരം വ്യാഖ്യാനങ്ങളിൽ  പ്രാധാന്യം നൽകുന്നത്.  കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട ഖുർആനിലെ ആയത്തുകൾ ചർച്ച ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട മറ്റു വീക്ഷണങ്ങളും അവയിൽ  ഗ്രന്ഥകർത്താവിന്റെ കർമ്മശാസ്ത്ര സരണിയുടെ 
പ്രസക്തിയും, ന്യായവും സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന  രീതിയാണ് ഇത്തരം തഫ്സീറുകൾ  പിന്തുടരുന്നത്. അൽ ജസ്സാസിന്റെ അഹ്‌കാമുൽ ഖുർആൻ എന്ന വ്യാഖ്യാന ഗ്രന്ഥം ഹനഫി മദ്ഹബിനെയും ഖയാൽ ഹറാസിയുടെ അഹ്കാമുൽ ഖുർആൻ ഷാഫിഈ മദ്ഹബിനെയും ഇബ്നു അറബിയുടെ അഹ്കാമുൽ ഖുർആൻ മാലികി മദ്ഹബിനെയും ഇബ്നു ജൗസിയുടെ സൗദുൽ മസ്വീർ ഹമ്പലി മദ്ഹബിനെയും പിന്തുണക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

• സൂഫി തഫ്സീറുകൾ:
തസവ്വുഫിന് പ്രാധാന്യം നൽകിക്കൊണ്ട് രചിക്കപ്പെട്ട ഇത്തരം തഫ്സീറുകൾ ഖുർആൻ സൂക്തങ്ങളുടെ ആത്മീയ വശങ്ങൾ ചർച്ച ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. സഹൽ ബ്നു അബ്ദുള്ള അൽ തുസ്തരിയുടെ തഫ്സീറുൽ ഖുർആനുൽ അളീം, അബു മുഹമ്മദ് ഷീറാസിയുടെ അറാഇസുൽ ബയാൻ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
      
• നൂതനാശയക്കാരുടെ തഫ്സീറുകൾ:
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾക്ക് വിരുദ്ധമായിട്ടുള്ളതും സ്വന്തം പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനും, വിശ്വാസങ്ങളുടെ     ന്യായീകരണത്തിനും വേണ്ടി രചിക്കപ്പെട്ടവയാണ് ഇത്തരം തഫ്സീറുകൾ. സ്വന്തം വിശ്വാസങ്ങൾക്ക് എതിരായാൽ സ്വഹീഹായ ഹദീസുകൾ പോലും തള്ളിപ്പറയുകയും ഖുർആൻ സൂക്തങ്ങളിലൂടെ വ്യക്തമായ കാര്യങ്ങൾ നിഷേധിക്കുകയും ചെയ്യുക എന്നത് ഇത്തരം തഫ്സീറുകളുടെ രീതിയാണ്.
      
• ആധുനിക തഫ്സീറുകൾ:
പൗരാണിക തഫ്സീറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയാണ് ആധുനിക തഫ്സീറുകൾ സ്വീകരിച്ചത്. അതിനാൽ തന്നെ സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ പല ആശയങ്ങളും, മോഡേൺ ചിന്തകളും ഇത്തരം വ്യാഖ്യാനങ്ങളിൽ കടന്നുകൂടിയിട്ടുണ്ട്.
      
• വനിതകൾ രചിച്ച തഫ്സീറുകൾ:
ഖുർആൻ വ്യാഖ്യാന രംഗത്ത് രചന നടത്തിയ ആദ്യത്തെ വനിതയാണ് സൈനബുൽ ഗസ്സാലി. താൻ ജയിലിലടക്കപ്പെട്ട സന്ദർഭത്തിലാണ് രചന തുടങ്ങിയത്. തന്റെ ഖുർആൻ വ്യാഖ്യാനത്തിന് അവലംബമായി പ്രമുഖ തഫ്സീർ ഗ്രന്ഥങ്ങളായ തഫ്സീർ റാസി, ഇബിനു കസീർ, തഫ്സീർ അബി സുഊദ് തുടങ്ങീ  തഫ്സീറുകളാണ് അവർ ഉപയോഗിച്ചത്. ഈജിപ്തിലെ മുഹമ്മദ് ഗസ്സാലി എന്ന പണ്ഡിതനാണ് ഇതിന് ആമുഖമെഴുതിയത്. യുവജനങ്ങളെ ലക്ഷ്യം വെച്ച് കൊണ്ട് ഫാതിർ അൽ ഫലക്കി രചിച്ച വിശുദ്ധഖുർആൻ വ്യാഖ്യാനമാണ് തഫ്സീറുൽ ഖുർആൻ ലിശ്ശഹബാബ്.

മറ്റു തഫ്സീറുകളെക്കുറിച്ച്:

കണ്ടതും കേട്ടതുമെല്ലാം മന:പാഠമാക്കലായിരുന്നു അറബികളുടെ പതിവ്. എല്ലാം അവർ അവരുടെ ഹൃദയങ്ങളിൽ കൊത്തിവെച്ചു. അതിനാൽ തന്നെ അക്കാലത്ത് ഗ്രന്ഥങ്ങളൊന്നും രചിക്കപ്പെട്ടില്ല. അമവി കാലഘട്ടത്തിൽ മുജാഹിദ് (റ)ആദ്യ തഫ്സീർ രചിച്ചുവെന്നും പക്ഷെ, ലക്ഷണമൊത്ത ഒരു തഫ്സീറിന് അബ്ബാസീ കാലഘട്ടം വരെ കാത്തിരിക്കേണ്ടി വന്നുവെന്നും നാം മുമ്പ് പറഞ്ഞു. അബീ ജഅഫർ മുഹമ്മദ്‌ ബിൻ ജരീർ അൽത്വബരി (റ)വിന്റെ  'ജാമിഉൽ ബയാൻ അലാ തഅവീലിൽ ഖുർആൻ' എന്ന ഖുർആൻ വ്യാഖ്യാനമാണ് ആദ്യ തഫ്സീർ ഗ്രന്ഥമായി ഗണിക്കപ്പെടുന്നത്.മൂന്നാം  നൂറ്റാണ്ടിൽ ജീവിച്ച അദ്ദേഹം 'താജുൽ ഉലമ' എന്നായിരുന്നു അക്കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. മതം, സാഹിത്യം, ചരിത്രം  എന്നിവയിൽ അഗാധ പണ്ഡിതനായിരുന്ന അദ്ദേഹം ചരിത്രം, ഹദീസ് ഫിഖ്ഹ് തുടങ്ങി വിവിധ മേഖലകളിൽ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ആദ്യകാലത്ത്  ഷാഫിഈ  സരണിയാണ് അനുധാവനം ചെയ്തിരുന്നതെങ്കിലും  സ്വന്തമായൊരു മദ്ഹബ് തന്നെ അവസാനകാലങ്ങളിൽ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇബ്നു ജരീർ  എന്നതിലേക്ക് ചേർത്ത് ജരീരി  മദ്ഹബ് എന്നറിയപ്പെട്ട കർമശാസ്ത്ര സരണി അദ്ദേഹത്തിന്റെ വിയോഗാനന്തരവും  രണ്ടു ശതകത്തോളം സജീവമായി നിലനിന്നിരുന്നു. ഇമാം  തബരി(റ) ജാമിഉൽ ബയാൻ രചിക്കുന്നതിനു മുമ്പ് ഇമാം സുഫിയാനുസൗരി(റ )വിന്റെ 'തഫ്സീറുൽ  ഖുർആനിൽ അളീം' എന്ന ഗ്രന്ഥം രചിക്കപ്പെട്ടിരുന്നു. എന്നാൽ  ഖുർആനിലെ 49 അധ്യായങ്ങളിൽ നിന്നായി 911 സൂക്തങ്ങളെ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നുള്ളൂ. 30 വാള്യങ്ങളുള്ള തഫ്സീറു ത്വബരി ഈ രംഗത്തെ ഏറ്റവും മികച്ച ഗ്രന്ഥമാണെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഖുർആനിക സൂക്തങ്ങൾ, ഹദീസുകൾ,സ്വഹാബികളുടെ വചനങ്ങൾ എന്നിവയിൽനിന്നും വ്യാഖ്യാനം കണ്ടെത്തുന്ന രീതിയാണ് തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം സ്വീകരിച്ചത്. ചരിത്രം, ഫിഖ്ഹ്, ഭാഷ എന്നിവക്ക് അദ്ദേഹം ഊന്നൽ നൽകി. മുൻകാല തഫ്സീറുകളിലെ ചിന്താവഹമായ കാര്യങ്ങൾ  ഉൾപ്പെടുത്തിയതും മുൻകാല പണ്ഡിതരുടെ  അഭിപ്രായങ്ങൾ തെളിവ് സഹിതം കൊണ്ടുവന്നതും തന്റെ ഗ്രന്ഥത്തെ മികവുറ്റതാക്കി. ഖാരിഈങ്ങളുടെ ഖിറാഅത്തുകൾ, ആവശ്യാനുസരണം കവിതകൾ എന്നിവ കൂടിയായപ്പോൾ ഇമാം ത്വബരിയുടെ ഗ്രന്ഥം അത്യുന്നതങ്ങളിലേക്കുയർന്നു. അക്കാരണത്താൽ തന്നെ 'റഈസുൽ മുഫസ്സിരീൻ 'എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചു.

2) തഫ്സീറുൽ കബീർ:- 
മഫാതീഹുൽ ഗൈബ് എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ വ്യാഖ്യാന ഗ്രന്ഥത്തിന്റെ രചയിതാവ് ഇമാം ഫഖ്റുദ്ധീൻ റാസി (റ)വാണ്. (തഫ്സീറുൻ ബിറഅയ്) അഥവാ സ്വതന്ത്ര ഖുർആനിക വ്യാഖ്യാനം എന്ന വ്യാഖ്യാന രീതിയുടെ ഉപജ്ഞാതാവാണദ്ദേഹം. 34 വാള്യങ്ങളുള്ള തന്റെ തഫ്സീറിൽ ഒരു വാള്യം മുഴുവനും ഫാത്തിഹക്ക് മാത്രമായി അദ്ദേഹം ഒഴിച്ചിട്ടു. ആഴമേറിയ ചിന്താ മണ്ഡലങ്ങളിൽ പരിലസിച്ചപ്പോഴും തന്റെ വീക്ഷണങ്ങളിൽ തെറ്റ് പറ്റിയില്ല എന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഭാഷ വ്യത്യാസം,  സാഹിത്യാസമ്പന്നത എന്നീ കാരണങ്ങൾക്കായി ധാരാളം കവിതകൾ അദ്ദേഹം തന്റെ തഫ്സീറിൽ കൊണ്ടുവന്നു. തർക്കശാസ്ത്രത്തിന്റെയും ഇൽമുൽ കലാമിന്റെയും കലവറയാണ് ഇമാം റാസിയുടെ തഫ്സീർ. ഓരോ സൂറത്തുക്കൾക്കുമിടയിലെ ബന്ധത്തെ അദ്ദേഹം വിശദീകരിക്കുകയും ഷാഫിഇ മദ്ഹബിലെ പ്രഭലാഭിപ്രായങ്ങൾ സ്ഥിരപ്പെടുത്തുകയും ചെയ്തു.

പല വിഷയങ്ങളും ഇമാം അമിത അപഗ്രഥനം നടത്തിയെന്ന ആരോപണം ചില പണ്ഡിതന്മാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. തഫ്സീറു റാസിയിൽ തഫ്സീർ ഒഴികെയുള്ള മുഴുവൻ ശാസ്ത്രശാഖകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഇബ്നു തൈമിയ്യ പറയുന്നു. എന്നാൽ തഫ്സീറു റാസിയിൽ തഫ്സീറടക്കം മുഴുവൻ ശാസ്ത്രശാഖകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇമാം സുബുക്കി (റ)അടക്കം മറ്റു പണ്ഡിതന്മാർ ശക്തമായ ഭാഷയിൽ മറുപടി കൊടുത്തു. തഫ്സീർ രചന തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും വളരെ വലിയ ഒരു സൗഭാഗ്യമായി അതിനെ കാണുന്നുവെന്നും ഇമാം റാസി(റ)പറയുന്നുണ്ട്. പക്ഷേ തഫ്സീറുൽ കബീർ എന്ന ഈ ഗ്രന്ഥം  
പൂർത്തിയാക്കിയത് അദ്ദേഹമല്ല.ആരാണ് എന്നതിൽ  പണ്ഡിതന്മാർക്കിടയിൽ  വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

3) തഫ്സീറുൽ ഖുർആനിൽ അളീം:-
 മധ്യകാലത്ത് സുപ്രസിദ്ധമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് ഇബ്നുകസീർ(റ)രചിച്ച "തഫ്സീറുൽ ഖുർആനിൽ അളീം". തന്റെ വ്യാഖ്യാനങ്ങളിൽ ഇസ്റാഈലിയാത്തുകൾ(കെട്ടിച്ചമക്കപ്പെട്ടവ) കടന്നു കൂടുന്നതിനെ  വളരെയധികം സൂക്ഷിച്ച ആളായിരുന്നു  അദ്ദേഹം.

4)  തർജുമാനുൽ ഖുർആൻ:-
 ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകരിൽ പ്രമുഖനും പണ്ഡിതനുമായ മൗലാന അബുൽകലാം ആസാദ് ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്.

5)  തദബ്ബുറുൽ ഖുർആൻ 
6) തഹ്ഫീമുൽ ഖുർആൻ:-
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ രണ്ട് വ്യാഖ്യാന ഗ്രന്ഥങ്ങളായ ഇവ രചിച്ചത് യഥാക്രമം അമീൻ അഹ്സൻ ഇസ്ലാഹിയും അബുൽ അഅ്ലാ മൗദൂദിയുമാണ്. ഉറുദുഭാഷയിലാണ് മൗദൂദി തന്റെ ഗ്രന്ഥം രചിച്ചത്. 1972 -ൽ പുറത്തിറങ്ങി.

തഫ്സീറുകൾ മലയാളത്തിൽ:-

 1953-ലാണ് മലയാളത്തിലെ തഫ്സീറുകളുടെ തുടക്കം. സി. എൻ അഹ്മദ് മൗലവി യുടെ പരിശുദ്ധ ഖുർആൻ: പരിഭാഷയും വ്യാഖ്യാനവും എന്ന ഗ്രന്ഥമാണ് ഈ രംഗത്തെ പ്രഥമ ഗ്രന്ഥം. 1960-ൽ മുഹമ്മദ് അലാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണം എന്ന വ്യാഖ്യാന ഗ്രന്ഥം പുറത്തിറങ്ങി. മൗദൂദിയുടെ വ്യാഖ്യാന ഗ്രന്ഥത്തിന്റെ ഒന്നാം വാള്യം അതേവർഷംതന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക ചിന്തകനായിരുന്ന സയ്യിദ് ഖുത്തുബിന്റെ 'ഫീ ളിലാലിൽ ഖുർആൻ' എന്ന ഗ്രന്ഥത്തിന്റെ മലയാളവിവർത്തനം 2010-ൽ പുറത്തിറങ്ങുകയും ചെയ്തു
Previous Post Next Post